“ദ്രൗപദീപതി അര്ജുനന് മാത്രം” ശ്രീകൃഷ്ണന് തുടര്‍ന്നു. “ദ്രൗപദി അര്ജുനന്റെമാത്രം പത്നിയാകുന്നു. യുധീഷ്ഠിരനും ഭീമനും അനുജന്റെ പത്നിയും, നകുലസഹദേവന്മാര്‍ക്ക് ജ്യേഷ്ഠന്റെ പത്നിയുമാകുന്നു.”
ചരിത്രസാക്ഷ്യം
ഇതന്‍മുന്നം കിരുട്ടിനനായ് അവതരിത്തായ് (1):9:2.
പാഹുപട പലലീലൈ ശെയ്ത്മേളായ് (1):9:3.
പാരുലകില്‍ അറിയാതോര്‍ ഉണ്ട്ശോല്‍വേന്‍ (1):9:4.
ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം (1):10:1.
ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും (1):10:2.
സർവ്വാധികാരിയും പരമ ഗുരുവുമായ ശിവദേവൻ അറിയിച്ചു : നമ്മുടെ അനുഗ്രഹത്താല്‍ ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്ന കല്കി, ഇതിനുമുമ്പ് ശ്രീകൃഷ്ണനായി അവതരിച്ചിരുന്നു. അക്കാലത്ത് ആടിയ ലീലകളെല്ലാം പ്രസിദ്ധമാണ്. നിരവധി ദേവരഹസ്യങ്ങളുണ്ട്. ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ.” പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്, അര്‍ജുനൻ്റെ മാത്രം പത്നിയായ ദ്രൗപദിയെ).
– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണം ദേവരഹസ്യകാണ്ഡ(മഹാശിവനാഡി സൂക്ഷാസൂക്ഷ്മം)ത്തില്‍നിന്നും.
കല്കി 2000ല്‍ യുഗധര്‍മ്മ മാസികയില്‍ കൊടുത്തത് 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, 2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍നിന്നും.…

നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍
– കല്കി
ആമുഖം
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയുക എന്ന മൗലികാവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്ക് ആ സദുദ്ദേശ്യം മാത്രമേയുള്ളൂ.
എന്തുകൊണ്ട് ദ്രൗപദിയെ പാഞ്ചാലിയെന്ന് വിളിക്കുന്നു ?
പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ ദ്രൗപദി പാഞ്ചാലിയെന്നും അറിയപ്പെട്ടിരുന്നു
– കല്കി
ദ്രൗപദീപതി അര്ജുനന് മാത്രം : യഥാര്‍ത്ഥ ശ്രീകൃഷ്ണ പൂര്‍വ്വാവതാര ചരിതം കല്കി വെളിപ്പെടുത്തുന്നു
കുശവഗൃഹത്തില്‍ വളരെ കുറച്ചേ സ്ഥലമുള്ളൂ. സൗകര്യങ്ങളുമില്ല. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതും അനുഗ്രഹമാണ്. മാതാ കുന്തി തിരക്കിട്ട് ഭക്ഷണം തയ്യാറാക്കുന്നതിനിടയിലും ഭഗവാന് ശ്രീകൃഷ്ണനെ സ്മരിച്ചു.
മക്കള്‍ വരുമ്പോഴേക്കും പാചകം പൂര്‍ത്തിയാകണം. ദീര്ഘയാത്രകള് കുന്തിയെ തളര്‍ത്തിയിട്ടുണ്ട്. വല്ലാത്ത ക്ഷീണം. സഹായിക്കുവാന്‍ മറ്റാരുമില്ല.
ഭക്ഷണം പാകംചെയ്യുന്ന കുന്തി പുത്രസ്മരണയില്‍ മുഴുകി.
ഭീമനിപ്പോള്‍ വിശന്ന് പരവശനായിട്ടുണ്ടാകും. യുധീഷ്ഠിരനാണെങ്കില്‍ സ്വല്പംപോലും വിശപ്പ് സഹിക്കുവാന്‍ കഴിയില്ല. അര്ജുനന് ഒന്നും പറയില്ല. അതുപോലെ നകുലനും സഹദേവനും പരിഭവം പറഞ്ഞ് ഒട്ടും പ്രയാസങ്ങള്‍ ഉണ്ടാക്കുകയില്ല. എല്ലാത്തിലും കൂടിത്തരികയും ചെയ്യും!
അഞ്ച് മക്കള്‍! പക്ഷേ വിധി..? ഓര്‍മ്മകള്‍ കുന്തിയെ തഴുകിക്കൊണ്ടിരുന്നു.
പുറത്ത് മക്കളുടെ കാല്പെരുമാറ്റം കേട്ടുവോ? കുന്തി സുക്ഷ്മതയോടെ കാതോര്‍ത്തു. അതെ! അവര്‍ വരുന്നുണ്ട്! കുന്തി സ്വയം ആശ്വസിച്ചു.
ഒട്ടേറെ യാത്ര ചെയ്തിട്ടുണ്ട്. കുന്തിക്ക് ശരീരമാസകലം നുറുങ്ങുന്ന വേദന! എഴുന്നേല്‍ക്കുവാന്‍പോലും പ്രയാസം. അസ്വസ്ഥതകളെ സാരമാക്കാതെ ധൃതിയില്‍ കുന്തി പാചകത്തില്‍ മുഴുകി.
അതിനിടെ അപ്രതീക്ഷിതമായി-
മാതാ! ഇന്നത്തെ ഭിക്ഷ വിശേഷം!! പൂമുഖത്തെത്തി യുധീഷ്ഠിരന് ആഹ്ലാദത്തോടെ അകത്തുള്ള കുന്തിയോട് വിളിച്ചു പറഞ്ഞു.
എന്തായാലും തുല്യമായെടുത്തോളൂ!!
ഉത്തരക്ഷണത്തില്‍ ഒട്ടും പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെയുള്ള കുന്തിയുടെ മറുപടി പൊടുന്നനെ യുധീഷ്ഠിരനില്‍ നിഗൂഡമായ ചലനമുളവാക്കി!!
എന്നാല്‍ മക്കളുടെ ശബ്ദം കേട്ട് പൂമുഖത്തെത്തിയ കുന്തി ദ്രൗപദിയെ കണ്ടമാത്രേ ആകെ തളര്‍ന്നുപോയി!! സാധാരണപോലുള്ള ഭിക്ഷയെന്ന് കരുതി താന്‍ പറഞ്ഞ വാക്കുകള്‍…..
ഹൊ! വയ്യ!! കുന്തി ആകെ വിവശയായി.
ആരാണിവര്‍?
സംശയത്തോടെ ദ്രൗപദിയെ ആസകലം വീക്ഷിച്ച കുന്തി സധൈര്യം കാര്യങ്ങള്‍ അന്വേഷിച്ചു.
വിഭ്രമാവസ്ഥയിലാണെങ്കിലും അതിനെ പുറത്ത് കാണിക്കാതിരിക്കുവാന്‍ കുന്തി വളരെ ശ്രദ്ധിച്ചു.
വീരനായ അര്‍ജുനന്റെ ധീരതയ്ക്ക് ലഭിച്ച ന്യായമായ സമ്മാനം!!
സന്ദര്‍ഭോചിതമായ യുധീഷ്ഠിരന്റെ മറുപടി വിശേഷം തന്നെ!!
യുധീഷ്ഠിരന് അങ്ങനെത്തന്നെയാണല്ലോ? താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒരിക്കലും വെളിപ്പെടുത്താത്തവിധം ഗുപ്തമായും എന്നാല്‍ വളരെ തന്മയത്വത്തോടേയും സമയോചിതമായി അവതരിപ്പിക്കുന്നതില്‍ യുധീഷ്ഠിരന്റെ പ്രാവീണ്യത സവിശേഷം തന്നെ!!
തുടര്‍ന്ന് യുധീഷ്ഠിരന് കാര്യങ്ങളെല്ലാം വിശദമായി കുന്തിക്ക് വിവരിച്ചു കൊടുത്തു. സ്വയംവരവും അര്‍ജുന-ദ്രൗപദി പാണിഗ്രഹണവും.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വളരെ പക്വതയോടെ കുന്തി ദ്രൗപദിയെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി ആചാരമര്യാദകളോടെ സ്വീകരിച്ചു. അതിനുശേഷം കുന്തി യുധീഷ്ഠിരാദികളുടെ സമീപത്തേക്ക് വന്നു.
ഇരിക്കൂ മക്കളെ……
വാല്‍സല്യത്തോടെ കുന്തി മൊഴിഞ്ഞു.
ഇനി എന്തു ചെയ്യും?…..എന്റെ വാക്കുകള്‍ ഫലിക്കുകയും വേണം. പക്ഷേ ധര്‍മവിരുദ്ധവും സ ദാചാര വിരുദ്ധവുമായ യാതൊന്നും സംഭവിക്കുവാനും പാടില്ല.
അബദ്ധത്തില്‍ അടര്‍ന്നുവീണ തന്റെ വാക്കുകളെ ചൊല്ലി കുന്തി പരിതപിക്കുവാന്‍ തുടങ്ങി.
അമ്മ പറയുന്നതുപോലെ ചെയ്യാം….? അതിനിടെ അമ്മയെ പ്രയാസപ്പെടുത്താതിരിക്കാനായി അര്ജുനന് സ്വന്തം തീരുമാനത്തെ അറിയിച്ചു.
പങ്ക് വെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? പത്നിയല്ലേ…?
കുന്തിയുടെ മറുചോദ്യം എല്ലാവരേയും നിശബ്ദരാക്കി.
എന്നാല്‍ വ്യാസനോട് ചോദിക്കാം! ധര്‍മത്തിന്റെ യഥാസ്ഥിതി അദ്ദേഹത്തോളം മറ്റാര്‍ക്കറിയാം?
എന്തോ തീരുമാനിച്ചതുപോലെയുള്ള യുധീഷ്ഠിരന്റെ നിര്‍ദ്ദേശം കുന്തിയെ ഭയപ്പെടുത്തി.
അപ്പോള്‍ കൃഷ്ണനോ? ക്ഷണമാത്രേ കുന്തി അസ്വസ്ഥതയോടെ ചോദിച്ചു.
ആവാം! പക്ഷേ വ്യാസനാകുമ്പോള്‍ ശാസ്ത്രങ്ങളത്രയും വശമാണ്!!
യുധീഷ്ഠിരന് ന്യായീകരിക്കുവാന്‍ തുടങ്ങവേ കുന്തി നിശബ്ദയായി. ഇനിയും തുടര്‍ന്നാല്‍ ഒരുപക്ഷേ കലഹം തന്നെയുണ്ടായേക്കും.
താനറിയാതെ ചൊല്ലിയ വാക്കുകളെ ആയുധമാക്കി യുധീഷ്ഠിരന് അഭ്യാസം നടത്തുകയാണോ? കുന്തിക്ക് വിഷമമായി.
മാതാവിന്റെ വാക്കുകള്‍ അനുസരിക്കുമ്പോഴല്ലേ പുത്രധര്‍മം പാലിക്കപെടുന്നത്? അതിനിടെയുള്ള യുധീഷ്ഠിരന്റെ ചോദ്യം വിഷയത്തെ വീണ്ടും സജീവമാക്കി.
അങ്ങനെയെങ്കില്‍ എന്തായാലും തുല്യമായി എടുത്തോളൂ എന്ന മാതാവിന്റെ വാക്കുകള്‍ പാലിക്കുവാന്‍ നാം ബാധ്യസ്ഥരല്ലേ? പ്രത്യേക ഉദ്ദേശ്യം വെച്ചുള്ള യുധീഷ്ഠിരന്റെ ചോദ്യം കുന്തിയില്‍ അസ്വസ്ഥതയുളവാക്കി.
ധര്‍മത്തെക്കുറിച്ച് ജ്യേഷ്ഠനുതന്നെ നല്ല വശമല്ലേ? ഭീമന് യുധീഷ്ഠിരന് വിട്ടുകൊടുത്തു.
ശരി! ഞാനൊന്ന് പര്യാലോചിക്കട്ടെ. യുധീഷ്ഠിരന്റെ മറുപടി വിഷയത്തിന് താല്ക്കാലികമായ വിരാമമേകി.
എല്ലാവരും എഴുന്നേറ്റു. ഇനി ആഹാരം കഴിക്കാം. എല്ലാവരേയും ക്ഷണിച്ച് കുന്തി അകത്തേക്ക് കടക്കവേ, പെട്ടന്ന് നിന്നു!
വാതിലിന്റെ വശംചാരി ദ്രൗപദി!!
കൃഷ്ണനെപോലെ ഭംഗിയുള്ള ഇരുനിറം! സുന്ദരി! പാഞ്ചാലരാജനായ ദ്രുപദന്റെ പുത്രി! പാഞ്ചാലിയെന്നും കൃഷ്ണയെന്നും വിളിക്കും! ഭഗവാന് ശ്രീകൃഷ്ണന്റെ ഉത്തമഭക്ത.
എല്ലാം കേട്ടിട്ടുണ്ടാകും. ദ്രൗപദിയുടെ ദൈന്യത കലര്‍ന്ന കണ്ണുകള്‍ എന്തോ അരുതേ എന്ന് വിളിച്ചു പറയുന്നില്ലേ? കുന്തിക്ക് വിഷമമായി.
വരൂ! കുന്തി സ്നേഹത്തോടെ ദ്രൗപദിയെ അകത്തേക്ക് വിളിച്ചു.
അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു.
താന്‍ ചൊല്ലിയ വാക്കിനാല്‍ ധര്‍മവിരുദ്ധമായ യാതൊന്നും സംഭവിക്കരുതേയെന്ന് കുന്തി ശ്രീകൃഷ്ണനേ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എല്ലാം കൃഷ്ണന്റെ തീരുമാനപ്രകാരം മാത്രമേ ചെയ്യുകയുള്ളൂവെന്നും കുന്തി തീരുമാനിച്ചു.
********** ************ ************
ക്ഷീണത്താല്‍ പെട്ടന്ന് മയങ്ങിപ്പോയ കുന്തി ഞെട്ടിയുണര്‍ന്നു. അകലെ കുളമ്പടി ശബ്ദം കേള്‍ക്കുന്നില്ലേ? കുന്തി കാതോര്‍ത്തു.
ഒരുപക്ഷേ ശത്രുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? ദ്രുപദന് സംശയം തോന്നിയോ? ആയോധന പാടവം അര്‍ജുനനെ തിരിച്ചറിയുവാന്‍ ഇടയാക്കിയോ?
ദുശ്ശാസനന് വാര്‍ത്ത അറിഞ്ഞിട്ടുണ്ടാകുമോ? ധര്മഷ്ഠനായ ദുര്യോധനന് തികച്ചും അപമാനമായ സഹോദരന് . അതാണ് ദുശ്ശാസനന് !! ഇനി അവനെന്തെങ്കിലും കുബുദ്ധി പ്രയോഗിച്ചോ? അവനന്നും ദുര്യോധനന്റെ അധികാരത്തെ കൈവശപ്പെടുത്തുകയാണല്ലോ ലക്ഷ്യം? പക്ഷേ സാധാരണ ആര്‍ക്കും അറിയുവാന്‍ കഴിയില്ലെന്ന് മാത്രം!!
ചിന്തകള്‍ മഥിച്ചുകൊണ്ടിരിക്കേ, അകലെ കുളമ്പടി ശബ്ദം ഉച്ചത്തിലായി.
രഥചക്രത്തിന്റെ ശബ്ദവും കേള്‍ക്കുന്നില്ലേ? ഭയാശങ്കകളോടെ കുന്തി സശ്രദ്ധം കാതോര്‍ത്തു.
രഥത്തിലിപ്പോള്‍ ആരായിരിക്കും? കൃഷ്ണനായിരിക്കുമോ? അതോ ശത്രുക്കളോ? ചിന്തകളില്‍നിന്ന് ഉണര്‍ന്ന കുന്തി ഒരു മണ്‍ചെരാഗ് കത്തിച്ച് മക്കളെയെല്ലാം ശ്രദ്ധിച്ചു.
വളരെ ചെറിയ മുറിയായതിനാല്‍ എല്ലാവരും ഒരുമിച്ചായിരുന്നു കിടന്നിരുന്നത്.
യാത്രാക്ഷീണം ദ്രൗപദിയെ വല്ലാതെ തളര്‍ത്തി. പതിവില്ലാത്തതല്ലേ? പാവം കുട്ടി! ഈ നരകത്തിലെത്താനാണ് വിധി? കുന്തിക്ക് സങ്കടമായി.
ഭീമനും അര്‍ജുനനും നകുലസഹദേവന്മാരും ഒരുമിച്ചാണെങ്കിലും, യുധീഷ്ഠിരന് മാത്രം വേറെത്തന്നെയാണ് കിടക്കുന്നത്. എല്ലാവരും എപ്പോഴും യുധീഷ്ഠിരനെ പ്രത്യേകം ബഹുമാനിച്ചിരുന്നു.
തളര്‍ന്നുറങ്ങുന്ന മക്കളെ നോക്കി കുന്തി നെടുവീര്‍പ്പിട്ടു.
വിളിക്കണോ?
ശങ്കിച്ചുനില്‍ക്കവേ, രഥം ഭവനത്തിന് മുമ്പിലെത്തിക്കഴിഞ്ഞു.
കുന്തി വേഗം എല്ലാവരെയും വിളിച്ചു.
ദ്രൗപദി ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു. അടക്കിയ ശബ്ദത്തില്‍ കുന്തി എല്ലാം പറഞ്ഞു. ക്ഷണമാത്രേ എല്ലാവരും ആയുധധാരികളായി.
കാലടിയൊച്ച കൂടിവരുന്നു-
അര്ജുനന് ജാഗരൂകനായി. ഭീമന് ഗദാധാരിയായി എന്തിനും തെയ്യാറായി ക്കഴിഞ്ഞു. യുധീഷ്ഠിരനും നകുലസഹദേവന്മാരും പോരാടാന്‍ ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ കുറേക്കാലത്തെ ശീലംകൊണ്ട് എല്ലാവരും പെട്ടെന്ന് തയ്യാറായി.
ഇവിടേയും പ്രശ്നങ്ങളുണ്ടായാല്‍, തല്‍ക്കാലത്തേക്കെങ്കിലും താമസിക്കുവാന്‍ ഇടംതന്ന ആ സാധു മനുഷ്യനും മറ്റിടങ്ങളില്‍ ഉള്ളവരെപ്പോലെത്തന്നെ പെരുമാറുമോ? അനുഭവം അങ്ങനെയാണല്ലോ?
ഇപ്പോഴാണെങ്കില്‍ ദ്രൗപദിയുംകൂടിയുള്ളതുകൊണ്ട്…….. പ്രബലരായ അഞ്ച് മക്കളുണ്ടായിട്ടും അത്താണിയായി ഒരിടമില്ലെന്ന് ആലോചിക്കുമ്പോള്‍….. എല്ല്ലാം വരുത്തിവെച്ചതല്ലേ?
യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിനോക്കിയ കുന്തിയുടെ ചിന്തകള്‍, പുറത്തെ ശക്തമായ കാല്‍പ്പെരുമാററത്തില്‍ ചിന്നിച്ചിതറി.
ഹേ പാണ്ഡവരേ! കതക് തുറന്നാലും, ശത്രുക്കളല്ല. മിത്രങ്ങള്‍ തന്നെ! കതകിന് മുട്ടി അവര്‍ അറിയിച്ചു.
കാല്‍പ്പെരുമാറ്റത്തിലെ വ്യത്യസ്തത അംഗസംഖ്യയുടെ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു. കുന്തി ശ്രദ്ധിച്ചു.
അതിനിടെ യുധീഷ്ഠിരന് ധൈര്യസമേതം വാതില്‍ തുറന്നു.
ആശ്ചര്യം!!
പാഞ്ചാലരാജന് ദ്രുപദനും സംഘങ്ങളും!!!
യുധീഷ്ഠിരന് വേഗം രാജാവിനേയും സഘങ്ങളേയും സ്വീകരിച്ചിരുത്തി. പരിമിത സൗകര്യങ്ങള്‍ക്കുള്ളിലെ അതിഥി സല്‍ക്കാരം ഗംഭീരമായി!
ദ്രൗപദിയുടെ സാമീപ്യം ദ്രുപദനില്‍ ദു:ഖത്തിന്റെ അലയോലി ഉയര്‍ത്തി.
രാജകീയ സൗകര്യങ്ങളോടെ കഴിഞ്ഞവള്‍ ഒരു ദിവസംകൊണ്ട് സാധാരണക്കാരിയായി! എന്തൊരു വിധി!! എങ്കിലും ഇഷ്ടപെട്ടവനെത്തന്നെ ലഭിച്ചല്ലൊ? ബാക്കിയെല്ലാം ശരിയാക്കാവുന്നതേയുള്ളൂ! അങ്ങനെ ആശ്വസിക്കാം. ദ്രുപദന്റെ കണ്ണുകള്‍ നിറഞ്ഞു.
പാണ്ഡവരാണെന്ന് ആദ്യമേ നമുക്ക് സംശയമുണ്ടായിരുന്നു. അതിഥി സല്‍ക്കാരത്തിനുശേഷം ദ്രുപദന് ആരംഭിച്ചു.
കൃഷ്ണനോട് അന്യേഷിച്ചപ്പോള്‍ സംശയനിവൃത്തിയായി; ശ്രീകൃഷ്ണന് സ്വയംവരത്തിന് എത്തിയില്ലെങ്കിലും. ഇടയ്ക്കൊന്നു നിര്‍ത്തി വത്സലപുത്രി കൃഷ്ണയെന്ന പാഞ്ചാലിയെ നോക്കി പാഞ്ചാലരാജന് തുടര്‍ന്നു.
പിന്നെ…… ധൃതിയായി! ചാരന്മാരുടെ നിര്‍ദ്ദേശപ്രകാരം യാത്ര ആരംഭിച്ചു. അതിനിടെ അസമയത്ത് എത്തിയത് അസൗകര്യമായോ?
പക്വതയാലും വിനയത്താലും സമ്പന്നനായ ദ്രുപദന്റെ ക്ഷമാപണം എല്ലാവര്ക്കും ഹൃദ്യമായി.
അങ്ങയുടെ ആഗമനം ഞങ്ങളുടെ ഭാഗ്യം!! സന്ദര്‍ഭാനുസരണമുള്ള യുധീഷ്ഠിരന്റെ മറുപടി കുറിക്കുകൊണ്ടു.
വളരെ ആശിച്ചുണ്ടായതിനാല്‍, ഇതുവരേയും ദ്രൗപദിയെ പിരിഞ്ഞിരുന്നിട്ടില്ല. മകളുടെ വേര്‍പാട് വലിയ വേദനയുളവാക്കി. മാത്രമല്ല, പിതാവെന്ന സ്ഥാനപ്രകാരം മകളോടുള്ള കര്‍ത്തവ്യം നിറവേറ്റിയതില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിചിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കേട്ടപ്പോഴാണ് നാം ആ വാസ്തവം അറിഞ്ഞത്! അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ എത്തുവാനായി.
സന്ദര്ശനോദ്ദേശ്യത്തെ വ്യക്തമാക്കുന്ന ദ്രുപദന്റെ വാക്കുകള്‍ യുധീഷ്ഠിരനില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചുവോ? കുന്തി ശ്രദ്ധിച്ചു.
അങ്ങയുടെ സാന്നിധ്യത്താല്‍ ഈ കുടിലുപോലും ശ്രേഷ്ഠമായില്ലേ!! യുധീഷ്ഠിരന്റെ ഭവ്യത കലര്‍ന്ന മറുപടി ദ്രുപദരാജനില്‍ സംപ്രീതിയുളവാക്കി.
അതിനിടെ രഥത്തിന്റെ ശബ്ദം ഗ്രാമവാസികളെ ഉണര്‍ത്തി. പക്ഷേ രാജാവിന്റെ നിര്‍ദ്ദേശത്താല്‍ കൂടെയുള്ള അംഗരക്ഷകര്‍ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചു. പ്രജകള്‍ സ്വന്തം വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോയി.
വീണ്ടും ദ്രുപദരാജനുമായുള്ള സംഭാഷണം ആരംഭിച്ചു.
എല്ലാവരേയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുവാനാണ് ദൂതന്മാര്ക്ക് പകരം നാംതന്നെ എഴുന്നള്ളിയത്. അര്‍ഹരായവരെ അതേപ്രകാരംതന്നെ അറിയിക്കണമല്ലോ?
ദ്രുപദന്റെ വാക്കുകള്‍ യുധീഷ്ഠിരനില്‍ തെല്ലു സംശയമുണര്‍ത്തി.
കൃഷ്ണന് നിങ്ങള്‍ക്കായി കാത്തിരിക്കുന്നുമുണ്ട്! ദ്രുപദന് എല്ലാവരേയും വീക്ഷിച്ചു.
ശത്രുക്കള്‍ നിങ്ങളെ തിരിച്ചറിഞ്ഞതിനാല്‍……. സുരക്ഷിതത്വം, അതേറ്റവും പ്രധാനപ്പെട്ടതാണല്ലോ? ആശങ്കയോടെ ദ്രുപദന് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
യുധീഷ്ഠിരന് എതിര്‍ക്കുമോ? കുന്തി സംശയിച്ചു.
ശരി! എല്ലാം അങ്ങയുടെ ഇച്ഛപോലെ!! യുധീഷ്ഠിരന് വേഗം അനുസരിച്ചു. ഭഗവാന് ശ്രീകൃഷ്ണനോടുള്ള കുന്തിയുടെ പ്രാര്‍ത്ഥന ഫലിച്ചു.
എല്ലാവരും വളരെ പെട്ടെന്ന് യാത്രയായി.
********** ************ ************
യാത്രക്കിടയില്‍ ആരും സംസാരിച്ചില്ല. കുന്തി എല്ലാം പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വേശ്വരന്മാരായ ഭഗവാന് ശ്രീ ശിവനേയും ഭഗവാന് വിഷ്ണുവിനേയും അകമഴിഞ്ഞ് കുന്തി പ്രാര്‍ത്ഥിച്ചു. ശ്രീകൃഷ്ണന്റെ ദിവ്യാനുഗ്രഹം ഉള്ളതിനാല്‍ എല്ലാം ഭംഗിയായും ധാര്‍മ്മികമായും മാത്രമേ സംഭവിക്കുകയുള്ളൂ. ഭഗവാന് ശ്രീകൃഷ്ണന് ഭക്തവത്സലനാണ്. കുന്തി ശ്രീകൃഷ്ണ ഭക്തിയില്‍ മുഴുകി.
എന്തായാലും ശ്രീകൃഷ്ണന് അവിടെയുള്ളതുകൊണ്ട് ദ്രൗപദിയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. കുന്തി ആശ്വസിച്ചു. ഒരു സ്ത്രീ അഞ്ച് സഹോദരന്മാരുടെ പത്നിയാവുക എന്നതിലും വലിയ അപമാനം മറ്റെന്താണുള്ളത്?
ഹൊ! ഓര്‍ക്കുവാന്‍പോലും വയ്യ! അഞ്ച് സഹോദരന്മാര്ക്കും പത്നിയാകേണ്ടിവന്നാല് ദ്രൗപദിയുടെ അവസ്ഥ എന്താകും? അഭിമാനമുള്ളവരാരും അതിന് തയ്യാറാവുകയില്ല? ദ്രുപദരാജാവിന്റെ മകള്‍ക്കാണോ അഭിമാനത്തില്‍ കുറവ്?
ആരേയും ഭയക്കാത്ത തന്റേടിയായ ദ്രൗപദി ഇത്രയും ഹീനമായ വിഷയമുണ്ടായിട്ടും പക്വതയോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. അവള് അത്രകണ്ട് അര്‍ജുനനെ ഇഷ്ടപ്പെടുന്നുണ്ടാകും. അല്ലെങ്കില്‍ ദ്രുപദന്റെ മകള്‍ എന്തിന് അലഞ്ഞ് നടക്കുന്ന അര്‍ജുനനെത്തന്നെ വരണമാല്യം ചാര്‍ത്തി സ്വീകരിക്കണം? ശ്രീകൃഷ്ണന്റെ ഇച്ഛയായിരിക്കുമിത്. കുന്തി ഗഹനമായ ചിന്തയിലാണ്ടു.
രഥം കൊട്ടാരത്തിലെത്തി. രാജാവ് അതിഥികള്‍ക്ക് വിശ്രമിക്കുവാനുള്ള സൗകര്യങ്ങള്‍ മുമ്പേ ഏര്‍പ്പെടുത്തിയിരുന്നു. കുന്തിയോടൊപ്പം ദ്രൗപദിയും പാണ്ഡവര്ക്കരികില് വിശ്രമിച്ചു. കളിച്ചു വളര്‍ന്ന കൊട്ടാരം! അത് വിസ്മരിച്ചപോലെയായിരുന്നു ദ്രൗപദിയുടെ പെരുമാറ്റം.
ഒരു ദിവസംകൊണ്ടുള്ള ദ്രൗപദിയുടെ മാറ്റം കുന്തിയെ ആശ്ചര്യപ്പെടുത്തി. ഇത്രയും പക്വത ഈ കുട്ടിക്ക് എങ്ങനെ ലഭിച്ചു. കുന്തിക്ക് ദ്രൗപദിയെ വളരെ ഇഷ്ടമായി.
സഭയില്‍വെച്ച് ദ്രുപദന് പാണ്ഡവരോടുള്ള ഉപചാരങ്ങളും ആദിത്യമര്യാദകളും വിധിപ്രകാരം ചെയ്തു. ശ്രീകൃഷ്ണന് സഭയ്ക്ക് തിളക്കമേകി ഉചിതമായ സ്ഥാനത്ത്തന്നെയുണ്ട്. കുന്തിക്ക് ആശ്വാസമായി.
നാം തന്നെയാണ് ഈ അവസരം ഒരുക്കിയത്! കൃഷ്ണന്റെ മധുരമായ ശബ്ദം ഒഴുകിയെത്തി. കുന്തി പ്രത്യേകം ശ്രദ്ധിച്ചു.
ഹേ യുധീഷ്ഠിരന് ! ധര്മത്തില് നിലകൊള്ളുകയാണെങ്കില്‍ ഇന്നത്തെ പ്രയാസങ്ങളില്‍നിന്നും വിമുക്തരാവാം. അതിനാകുന്നു ഈ അവസരം. കൃഷ്ണന് ആരംഭിച്ചു.
പക്ഷേ, യുധീഷ്ഠിരന് പ്രതികരിച്ചില്ല.
അര്ജുനന് ഇപ്പോള്‍ വെറും അര്‍ജുനനല്ല! ദ്രൗപദിയുടെ ഭര്‍ത്താവും മഹാരാജാ ദ്രുപദന്റെ മരുമകനുമായ അര്‍ജുനനാകുന്നു!! അതിനാല്‍ നിര്‍ബന്ധമായും ആ യശസ്സ് നിലനിര്‍ത്തിയേ പറ്റൂ. ഗാംഭീര്യതയാല്‍ പ്രശോഭിതമായ ശ്രീകൃഷ്ണന്റെ വാക്കുകള്‍ ശ്രദ്ധേയമായി.
ദ്രൗപദി ആരുടെയെല്ലാം പത്നിയായിരിക്കണമെന്ന് തീരുമാനമായിട്ടില്ലല്ലോ?
കൃഷ്ണന്റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് യുധീഷ്ഠിരന് പൊടുന്നനെ വാദമുന്നയിച്ചു. കൃഷ്ണനൊഴികെ എല്ലാവരും സ്തബ്ധരായി! കുന്തിയും നടുങ്ങിപ്പോയി!
ഇത്ര അസംബന്ധം പറയുവാന്മാത്രം വിശേഷിച്ചെന്തെങ്കിലും? സാധാരണപോലുള്ളതാണെങ്കിലും പരിഹാസദ്യോതകമായ കൃഷ്ണന്റെ ചോദ്യം യുധീഷ്ഠിരനില്‍ രോഷാഗ്നി വളര്‍ത്തി.
ഞങ്ങള്‍ മാതാവ് പറയുന്നത് അനുസരിക്കുന്നവരാണ്. ശാന്തമാണെങ്കിലും യുധീഷ്ഠിരന്റെ വാക്കുകള്‍ എല്ലാവരിലും അസഹ്യതയുളവാക്കി. വിപരീതമായ അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങളുടെ ഗതിയെന്ന് തിരിച്ചറിഞ്ഞ കുന്തി വേഗം ഇടപെട്ടു.
കേള്‍ക്കൂ കൃഷ്ണാ! ആഹാരമുണ്ടാക്കുന്ന തിരക്കിനിടയിലാണ് ദ്രൗപദിയേയുംകൂട്ടി ഇവരെത്തിയത്. വിശേഷമായ ഭിക്ഷയാണ് കൊണ്ടുവന്നതെന്ന് യുധീഷ്ഠിരന് പൂമുഖത്തുനിന്ന് വിളിച്ചുപറഞ്ഞപ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അന്വേഷിക്കുന്നതിനുമുമ്പേ എന്തായാലും തുല്യമായെടുത്തോളൂ എന്ന് ഞാനങ്ങ് പറഞ്ഞുപോയി! അതിനെയാണ് യുധീഷ്ഠിരന് ഈ പറയുന്നത്!! കുന്തിയുടെ മൊഴികള്‍ അവസരോചിതമായി.
ദ്രൗപദിയുടെ കണ്ണുകള്‍ ആശ്വാസത്താല്‍ വിടര്‍ന്ന് വികസിച്ചു. ദ്രുപദനും പത്നിയും മറ്റെല്ലാവരും ആശങ്കാകുലരായി.
ഇത്രേയുള്ളോ? കൃഷ്ണന്റെ മറുപടി യുധീഷ്ഠിരനെ ചൊടിപ്പിച്ചു.
എന്താ മാതാവിന്റെ വാക്കിന് വിലയില്ലേ? അത് അനുസരിക്കേണ്ടതല്ലേ? യുധീഷ്ഠിരന്റെ വാക്കുകള്‍ക്ക് തീക്ഷ്ണതയേറി.
ഹേ യുധീഷ്ഠിരന്! സാധാരണ ഭിക്ഷയാണെന്ന മുന്‍വിധിയില്‍ യഥാര്ത്ഥമെന്തെന്ന് ഒട്ടും അന്വേഷിക്കാതെയാണ് എന്തായാലും തുല്യമായെടുത്തോളൂ എന്ന് പറഞ്ഞതെന്ന് സ്വല്പംമുമ്പേ ഇവിടെ മാതാ കുന്തിതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. മാത്രമല്ല, തനിക്കറിയാത്ത അഥവാ അന്വേഷിച്ച് പരിശോധിച്ച് നിജസ്ഥിതി വ്യക്തമാകാത്ത ഒരു വിഷയത്തെക്കുറിച്ച് പൊതുവായ ധാരണപ്രകാരം സാധാരണപോല്‍ പറയുന്നത് അഭിപ്രായം മാത്രമാകുന്നു. ഒരിക്കലും തീരുമാനമല്ല.
ശ്രീകൃഷ്ണന് പ്രശ്നത്തിന്റെ കാര്യകാരണ ബന്ധങ്ങളെ നൂലിഴകീറി പരിശോധിക്കുവാന്‍ തുടങ്ങി.
പങ്കുവെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? അര്‍ജുനന്റെ പത്നിയല്ലേ? കൃഷ്ണന് ചോദ്യശരങ്ങള്‍ എയ്തുതുടങ്ങി.
സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്ക് വീതിച്ചുകൊടുക്കുന്നതാണോ സംസ്ക്കാരം? സ്വന്തം പത്നിയെ തന്റെ സഹോദരന്മാര്ക്ക് പങ്കുവെക്കുന്നതാണോ സദാചാരം? മാതാവിന്റെ വാക്കുകള്‍പ്രകാരമെന്ന ന്യായീകരണത്തില്‍ ഇത്രയും ഹീനമായൊരു കാര്യത്തിന് കൂട്ടുനില്‍ക്കുന്നതാണോ യുധീഷ്ഠിരന്റെ ധര്‍മവാദം? സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്കും പങ്കുവെക്കുന്നതാണോ അര്‍ജുനന്റെ ധീരത? അനുജന്റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ യുധീഷ്ഠിരന്റേയും ഭീമന്റേയും മഹാത്മ്യം? ജ്യേഷ്ഠന്റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ നകുലസഹദേവന്മാരുടെ സാന്മാര്‍ഗ്ഗീകത്വം? മരുമകളെ എല്ലാ മക്കള്‍ക്കും വീതിച്ചു നല്കലാണോ മാതാ കുന്തിയുടെ വൈശിഷ്ട്യത? സഹോദരന്മാരായ അനവധിപേര്‍ക്ക് പത്നിയായിരിക്കുന്നതാണോ ദ്രൗപദിയുടെ പാതിവ്രത്യം? ഇപ്രകാരമുള്ള സദാചാരവിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണോ ദ്രുപദരാജന്റെ ധര്‍മനിഷ്ഠ?
സാധാരണ സദാചാര ജീവിതത്തിനുപോലും നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്ക്കുവാന് അഷ്ടമാവതാരമായ നമുക്ക് സാധ്യമല്ല. കൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ എല്ലാവരും തലകുനിച്ചു.
ദ്രുപദന് സമാധാനമായി. കുഞ്ഞുനാള്‍മുതല്‍ക്കേ അര്‍ജുനനെക്കുറിച്ച് കൃഷ്ണന് ദ്രൗപദിയോട് പറയുമായിരുന്നു. അപ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. എന്തായാലും അര്‍ജുനനെത്തന്നെ എന്റെ മകള്‍ക്ക് പതിയായി ലഭിച്ചല്ലോ! ദ്രുപദന് മനസ്സാ കൃഷ്ണനെ നമിച്ചു.
കുന്തിയും സമാശ്വസിച്ചു. കൃഷ്ണയെന്നും പാഞ്ചാലരാജന്റെ പുത്രിയെന്നതിനാല്‍ പാഞ്ചാലിയെന്നും വിളിക്കപ്പെടുന്ന ദ്രൗപദി അഷ്ടമാവതാര ഭഗവാന് ശ്രീകൃഷ്ണനെ ഭക്തിപൂര്‍വ്വം ഭജിച്ച് കൃതാര്‍ത്ഥയായി.
അര്ജുനന് തെല്ലു ജാള്യതയുണ്ടായെങ്കിലും ശ്രീകൃഷ്ണ വാണികളില്‍ അഭിമാനംകൊണ്ടു.
അഷ്ടമാവതാര ശ്രീകൃഷ്ണന് ഏതൊരു കാര്യവും സദാചാരപരമായി പ്രായോഗികതയിലൂന്നി ധാര്‍മ്മികമായി മാത്രമേ നിര്‍വ്വഹിക്കൂ. ധര്‍മവിരുദ്ധമായ യാതൊന്നിനും കൂട്ടുനില്ക്കുകയുമില്ല. വിഷ്ണുദേവന്റെ ദശാവതാരത്തില്‍ അഷ്ടമാവതാരമാണ് ഭഗവാന് ശ്രീകൃഷ്ണന് . കൃഷ്ണസമക്ഷത്തില്‍ എത്തിയതുകൊണ്ട് ഇത്രയും മോശമായ ഈ വിഷയം ഇവിടംകൊണ്ട് അവസാനിക്കും. തീര്‍ച്ച. കുന്തി ചിന്തിച്ചു.
ഇതിനിടെ ശ്രീകൃഷ്ണന് തുടര്‍ന്നു-
മാതാവെന്ന സ്ഥാനം ദിവ്യപ്രേമത്തിന്റെ നിസ്തുല മാതൃകയാകുന്നു. ഒരു സ്ത്രീതന്നെ സന്താനങ്ങളോട് മാതാവായും, പതിയോട് പത്നിയായും, പിതാവിനോട് പുത്രിയായും, സഹോദരങ്ങളോട് സഹോദരിയായും വ്യതസ്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. അതില്‍ മാതാവെന്നതാണ് ഏറ്റവും ശ്രേഷ്ഠം.
മാതാവിന് സന്താനങ്ങളെല്ലാം തുല്യരാണെന്നിരിക്കേ, എന്തായാലും തുല്യമായെടുത്തോളൂ എന്ന കുന്തിയുടെ വാക്കുകള്‍, തീര്‍ച്ചയായും, കുന്തിയുടെ മാതാവെന്ന സ്ഥാനപ്രകാരമുള്ള ഉത്തരവാദിത്തം പൂര്‍ത്തിയാക്കല്‍ മാത്രമാണ്.
ധാര്‍മ്മികമായി അതാത് സ്ഥാനപ്രകാരമുള്ള അര്‍ഹതപ്രകാരംമാത്രം ഓരോരുത്തര്‍ക്കും തുല്യമായെടുക്കാം. രാജനീതിപ്രകാരം അതാണ് ഒരു രാജ്യത്തെ നിയമം. അല്ലെങ്കില്‍ അരാജകത്വവും അധാര്‍മ്മികതയും ദുരാചാരങ്ങളും അരങ്ങേറി, തല്‍ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥ ആ രാജ്യത്തെത്തന്നെ കീഴടക്കും.
ഏതൊരു കാര്യവും എപ്പോഴും ധാര്‍മ്മികമായി മാത്രമേ നിര്‍വ്വഹിക്കാവൂ. എങ്കില്‍ മാത്രമേ ശിവദേവന്റേയും വിഷ്ണുദേവന്റേയും നിരന്തരമായ അനുഗ്രഹം ലഭിക്കൂ.
ദ്രൗപദി അര്‍ജുനന്റെ മാത്രം പത്നിയായും, യുധീഷ്ഠിരനും ഭീമനും അനുജന്റെ ഭാര്യയായും, നകുലനും സഹദേവനും ജ്യേഷ്ഠന്റെ പത്നിയായും ധാര്‍മ്മികമായി സ്ഥാനത്തിനും കുടുംബ ബന്ധങ്ങള്‍ക്കും അനുസരിച്ച് മാത്രം പ്രായോഗികമായി യുക്തിപൂര്‍വ്വം തുല്യമായെടുക്കാം. നീതിയില്‍ അധിഷ്ഠിതമായ കൃഷ്ണന്റെ വിധിപ്രസ്താവം ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ തിലകക്കുറിയായി.
മാതാവ് തന്റെ സന്താനങ്ങള്‍ക്ക് ആഹാരം തുല്യമായി നല്കുന്നു. എന്നാല്‍ പ്രായത്താലും ശരീരത്തിന്റെ ഘടനയാലും സന്താങ്ങളുടെ ആഹാരത്തിന്റെ അളവ് വ്യത്യസ്തമാകുന്നു. അതിനാല്‍ ഓരോ സന്താനത്തിനും ആവശ്യമായ ആഹാരം നല്കി വിശപ്പ് ശമിപ്പിക്കുമ്പോള്‍ മാത്രമേ മാതാവിന് തൃപ്തിയാവുകയുള്ളൂ. കൂടാതെ, മക്കളില്‍ത്തന്നെ ജ്യേഷ്ഠന് കഴിക്കുന്നതുപോലെ അനുജന് കഴിക്കണമെന്നില്ല. ജ്യേഷ്ഠന്റെ ആഹാരത്തിന്റെ അളവ് അനുജനെ സംബന്ധിച്ച് അധികമാണെങ്കില്‍, അത്രയും കഴിക്കണമെന്ന് നിര്‍ബന്ധിപ്പിക്കുന്നത് ധര്മമാണോ? അനുജന്റെ ആഹാരത്തിന്റെ അളവ് ജ്യേഷ്ഠന് കഴിക്കുന്നതിനേക്കാള്‍ കുറവാണെങ്കില്‍, അത്രയും മാത്രമേ ജ്യേഷ്ഠനും കഴിക്കാവൂ എന്ന് നിര്‍ബന്ധിച്ചാല്‍, ഫലത്തില്‍ ജ്യേഷ്ഠനും പട്ടിണിയാവുകയല്ലേ? ശ്രീകൃഷ്ണ വാണികള്‍ കുന്തിയെ ആശ്വസിപ്പിച്ചു.
ഏറെ ഉന്മേഷവതിയാണ് ദ്രൗപദി. ശ്രീകൃഷ്ണ വചനങ്ങള്‍ ദ്രൗപദിയെ സംതൃപ്തയാക്കി.
എല്ലാവര്ക്കും സമമായല്ല മാതാവ് നല്‍കുന്നത്. സമമാണെങ്കില് ചെറിയ കുട്ടിക്കും വലിയ കുട്ടിക്കും ഒരേ അളവായിരിക്കും. പക്ഷേ, അത് ഏറെ പ്രയാസമുണ്ടാക്കും. കാരണം ഒരേ അളവായത്കൊണ്ട് ചെറിയ കുട്ടിക്ക് ആഹാരം അധികമായിരിക്കും. എന്നാല്‍ വലിയ കുട്ടിക്ക് തികയുകയുമില്ല. ഓരോ സന്താനത്തിന്റേയും പ്രായം, ദേഹസ്ഥിതി അഥവാ ആരോഗ്യം, സ്ഥാനം, രോഗാദി അരിഷ്ടതകള് എന്നിവയെല്ലാം കണക്കിലെടുത്ത് മാത്രമേ മാതാവ് ആഹാരം നല്‍കുകയുള്ളൂ. ആഹാരം സമമായി ഭാഗിക്കുമ്പോള്‍ സന്തുലിതമല്ലാത്തതിനാല്‍ ധര്‍മമായിരിക്കില്ല. സന്തുലിതം ആകുന്നു ധര്‍മം. ഓരോ സന്താനത്തിനും തുല്യമായി അതാത് സ്ഥാനപ്രകാരം ദേഹസ്ഥിതിയും പ്രായവും പരിഗണിച്ചായിരിക്കണം ആഹാരം നല്‍കേണ്ടത്.
സന്താനങ്ങളുടെ ക്ഷേമമാകുന്നു മാതാവിന്റെ കര്‍ത്തവ്യം. അതിനാല്‍ മക്കള്‍ക്ക് ആവശ്യമായ ആഹാരം അവരുടെ ദേഹത്തിന്റെ ഘടനയ്ക്കും പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ച് മാതാവ് തുല്യമായി നല്കുന്നു. അങ്ങനെ നിര്വ്വഹിക്കുമ്പോള് മാത്രമേ മാതാവിന്റെ കര്‍ത്തവ്യനിര്‍വ്വഹണം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അതേപ്രകാരം മാതാ കുന്തി തുല്യമായെടുത്തോളൂ എന്ന് മാത്രമേ അരുളിയിട്ടുള്ളൂ. അതുകൊണ്ട് എല്ലാവര്ക്കും അവരവരുടെ സ്ഥാനത്തിനും ബന്ധത്തിനും അനുസരിച്ച് മാത്രം തുല്യമായെടുക്കാം.
രാജവംശജരായ പാണ്ഡവര്‍തന്നെ ഇത്തരം സദാചാര വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടാല്‍ പ്രജകളുടെ സ്ഥിതി എന്തായിരിക്കും? ഇടക്കൊന്നു നിര്‍ത്തിയ ശ്രീകൃഷ്ണന് എല്ലാവരേയും വീക്ഷിച്ചു; പ്രത്യേകിച്ച് ദ്രൗപദിയെ.
ഒരു സ്ത്രീ എന്ന നിലയില്‍ ദ്രൗപദി ഒരിക്കലും യുധീഷ്ഠിരന്റെ പിടിവാശിപോലെ സഹോദരന്മാരായ അഞ്ച്പേര്‍ക്കും പത്നിയാകാമെന്ന് സമ്മതിച്ചുകൊണ്ടല്ല അര്‍ജുനനെ പതിയായി സ്വീകരിച്ചത്. കടുത്ത വഞ്ചന! സദാചാരപരമായി ജീവിക്കുക എന്ന ഒരു സ്ത്രീയുടെ അവകാശത്തെ നിഷേധിക്കുവാന്‍ ഭരണാധികാരിക്കുപോലും അധികാര മില്ലായെന്നിരിക്കേ, രാജബന്ധമുള്ള കുടുംബത്തില്‍ അത്തരം അനീതി നടപ്പില്വരുത്തുവാന് എന്തിന്റെ പേരില്‍ ആരൊക്കെ ശ്രമിച്ചാലും ഒരിക്കലും അംഗീകരിക്കുവാന്‍ പാടില്ല. ശ്രീകൃഷ്ണന് തുടര്‍ന്നു.
ഏതൊരു കാര്യവും തീരുമാനിക്കുന്നതിന് ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സദുദ്ദേശ്യം, ശ്രദ്ധ, ഉള്‍ക്കൊള്ളല്‍, നിരീക്ഷണം, വിശകലനം, അപഗ്രഥനം, വിവേകം തുടങ്ങിയവ നിര്‍ബന്ധമാകുന്നു. എങ്കില്‍മാത്രമേ അവ സദാചാരത്തിനും ധര്‍മത്തിനും പ്രായോഗികതക്കും യുക്തിക്കും അനുയോജ്യമായി പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കൂ.
അതുകൊണ്ട് ഒരാള്‍ പറയുന്നത് അതേപ്രകാരം തന്നെ സ്വീകരിക്കുന്നതിനുമുമ്പ് അത് ധാര്‍മ്മികമായി അനുയോജ്യമാണോ, സ്ഥാനപ്രകാരം സ്വീകാര്യമാണോ, പ്രായോഗികമാണോ, യുക്തിക്ക് നിരക്കുന്നതാണോ, സന്ദര്‍ഭത്തിന് ഉചിതമാണോ, തനിക്ക് സ്വയം യോജിച്ചതാണോ എന്നിവയെല്ലാം വ്യക്തമായി അത്യന്തം സൂക്ഷ്മതയോടെ പരിശോധിക്കണം. അതിനുശേഷംമാത്രമേ സ്വീകരിക്കണോ അഥവാ തിരസ്ക്കരിക്കണോയെന്ന് തീരുമാനിക്കുവാന്‍ പാടുള്ളൂ.
ഇവിടെ, വസ്തു എന്തെന്നുപോലും തിരക്കാതെയുള്ള മാതാ കുന്തിയുടെ വാക്കുകളെ, യഥാര്‍ഥത്തില്‍, അര്‍ജുനന്റെ ജ്യേഷ്ഠനായ യുധീഷ്ഠിരന് ധാര്‍മ്മികമായി പരിശോധിച്ച് സദാചാരത്തിന് യോജിക്കുന്നവിധത്തില്‍ കൈക്കൊണ്ടിരുന്നെങ്കില്‍, മാന്യതക്ക് നിരക്കാത്ത ഈ വിഷയത്തെ വളരെ പെട്ടെന്ന് പരിഹരിക്കാമായിരുന്നു. മാത്രമല്ല, സാധാരണയായ ഈ വിഷയത്തിന് ഇത്രമാത്രം പ്രാധാന്യവും അമിതപ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പിന്നെ സഭയ്ക്ക് ചേര്‍ന്നതുമല്ലല്ലോ? ധാര്‍മ്മികമായി എങ്ങനെയായിരിക്കണമെന്ന വിശദീകരണം ശ്രീകൃഷ്ണന് തുടര്‍ന്നു.
ഇതിനെല്ലാമുപരി, ആയോധന പാടവത്തിലെ മികവ് സ്വയംവരത്തിനുള്ള യോഗ്യതയായി കണക്കാക്കിയ ദ്രുപദരാജന്റെ ധാരണ തികച്ചും ധര്മവിരുദ്ധമാകുന്നു. വ്യക്തമായ ജീവിത വീക്ഷണവും, ധര്‍മ നിഷ്ഠയും, പ്രായോഗികമായ ഉള്‍ക്കാഴ്ചയും, സത്യസന്ധതയും, കഠിനാദ്ധ്വാനത്തിനുള്ള സന്നദ്ധതയും, പ്രയത്നിക്കുവാനുള്ള ഔത്സുക്യതയും, ധനസമ്പാദനത്തിനുള്ള ധാര്‍മ്മികമായ പരിശ്രമവും കര്‍ത്തവ്വ്യനിര്‍വ്വഹണത്തിനുള്ള ദത്തശ്രദ്ധയും, മാതാപിതാക്കള്‍-സഹോദര-സഹോദരി-ബന്ധുക്കള്‍ തുടങ്ങിയവരില്‍ മിത്രതയുള്ളവര്‍ക്ക് ധാര്‍മ്മികമായ ഉത്തരവാടിത്തങ്ങള് കൃത്യമായി ചെയ്തുകൊടുക്കുന്നതിലുള്ള ശ്രദ്ധയും, അന്ധവിശ്വാസങ്ങളെ തിരിച്ചറിഞ്ഞ് സ്വയം അതില്‍ ഉള്‍പ്പെടാതെ സംശുദ്ധ ഭക്തിയില്‍ നിലകൊണ്ട് സദാചാരത്തില്‍ അധിഷ്ഠിതമായ ജീവിതചര്യയും, ശക്തവും ധാര്‍മ്മികമായ സാമൂഹിക ബന്ധങ്ങളും, കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിതാവശ്യങ്ങളെ നേടിയെടുക്കന്നതിലുള്ള നൈപുണ്യവും, അവസരങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ധര്മത്തില് അധിഷ്ഠിതമായ ചടുലവും എന്നാല്‍ കൃത്യവുമായ പ്രവര്‍ത്തനങ്ങളും, സഹിഷ്ണുതയും, ശാസ്ത്രപഠനവും, ഈശ്വര ഭക്തിയും- ഇതെല്ലമാകുന്നു രാജനീതിപ്രകാരം പരിഗണിക്കേണ്ടതായ പ്രതിശ്രുത വരൻ്റെ യോഗ്യതകള്‍.
അതനുസരിച്ചുള്ള യോഗ്യതകളുണ്ടോയെന്ന് വളരെ വ്യക്തമായി നിരീക്ഷിക്കുകയാണ് വേണ്ടത്. മംഗല്യം മത്സരമല്ല. ഇവിടെ നടത്തിയതുപോലെ, സഭയില്‍വെച്ച് പ്രതിശ്രുത കന്യക മറ്റുള്ളവര്‍ക്കിടയില്‍നിന്നും വരനെ തിരഞ്ഞെടുക്കുമ്പോള്‍, സ്വയംവരത്തില്‍ പങ്കെടുത്ത മറ്റെല്ലാവരും ഫലത്തില്‍ അപമാനിക്കപ്പെടുകയാണ്. വിവാഹം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടേയും സ്വീകാര്യതയുടേയും കാര്യമാണ്. പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതല്ല. സ്വകാര്യതയാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള വേദി. അത്യാവശ്യം വേണ്ടവര്‍, അതും തികച്ചും ഉത്തരവാദിത്തപ്പെട്ട കുടുംബക്കാരും സുഹൃത്തുക്കളുംമാത്രം ഉണ്ടായിരിക്കേണ്ട സ്വകാര്യ ചടങ്ങാണത്. അനവധിപേര്‍ ഒരു വേദിയില്‍ ഒരേ വേളയില്‍ത്തന്നെ അണിനിരന്ന് അതില്‍ ഇഷ്ടപ്പെട്ട ഒരാളെ മാത്രം സഭയെ സാക്ഷിയാക്കി പ്രതിശ്രുത കന്യക തിരഞ്ഞെടുക്കുമ്പോള്‍, തീര്‍ച്ചയായും, മറ്റുള്ളവരെയെല്ലാം ക്ഷണിച്ചുവരുത്തി അപമാനിക്കല്കൂടിയാകുന്നു. അനുവദിക്കപ്പെടേണ്ടതായ ഒരു കീഴ്വഴക്കമല്ലിത്. മാത്രമല്ല, അപമാനിക്കപ്പെടുമ്പോള്‍ ശത്രുതയാണുണ്ടാവുക. സുഹൃദ്രാജ്യങ്ങളെല്ലാം അപമാനിതരായി ശത്രുക്കളാകുവാന്‍ ഇത് കാരണമായിത്തീരും.
വളരെ മുമ്പേ നാം ഇക്കാര്യം രാജാ ദ്രുപദനോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, അദ്ദേഹം അത് ഗൗരവത്തില്‍ എടുത്തില്ല. അവയെല്ലാം ഓരോരുത്തരുടേയും സ്വന്തം തീരുമാനം. ധര്‍മം എപ്രകാരമെന്ന് വെളിപ്പെടുത്തുന്നതോടൊപ്പം ധര്‍മവിരുദ്ധമായ യാതൊന്നിനോടും കൂട്ടുനില്‍ക്കാതിരിക്കുക- അതാകുന്നു നമ്മുടെ ധര്‍മനിഷ്ഠ. സ്വയം ആവശ്യമെങ്കില്‍ അനുസരിക്കാം, അല്ലെങ്കില്‍ നിരസിക്കാം. ഏതിനും അതിന്റെ ഫലമുണ്ടായിരിക്കും.
നാം സ്വയംവരത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ നമുക്കറിയാം എന്ത് സംഭവിക്കുമെന്ന്. അതുകൊണ്ടാണ് നാം നേരിട്ട് ഇവിടെ ദ്രുപദ സന്നിധിയില്‍ എത്തി സദാചാരവിരുദ്ധമായ ഈ വിഷയത്തിന്റെ ധാര്‍മ്മികമായ വിധി അറിയിക്കുന്നത്. ഇവയൊരിക്കലും നമ്മുടെ അവതാര ചരിതത്തിന് അപശ്രുതിയാകുവാന് പാടില്ല. ഇവിടെ യുധീഷ്ഠിരനിലെ ധാരണയിലെ അപകതക്ക് നാം ഒരിക്കലും കൂട്ടുനില്‍ക്കില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ധര്‍മം എപ്രകാരമെന്ന് വ്യക്തമാക്കി. ഭഗവാന് ശ്രീകൃഷ്ണന്റെ ഭാവത്തിന് ഗംഭീര്യത തിലകം ചാര്‍ത്തി. ശ്രീകൃഷ്ണന് തുടര്‍ന്നു.
എല്ലാത്തിനുമുപരി, ഇന്നത്തെ അവസ്ഥയില്‍ പാണ്ഡവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റുവാന്‍ ഇടമില്ലാതെ അലയുമ്പോള്‍, അവയ്ക്കുള്ള പരിഹാരമാണ് ആദ്യമായി പൂര്‍ത്തിയാക്കേണ്ടത്. എപ്പോഴും പ്രശ്നങ്ങളോട് ധര്‍മാധിഷ്ഠിതമായ സമീപനമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. എങ്കില്‍ മാത്രമേ ക്രിയാത്മകത രൂപംകൊള്ളുകയുള്ളൂ.
ദശരഥരാജന് നല്കിയ വരദാനപൂര്ത്തീകരണമെന്ന ഭാവേന രാജമഹിഷി കൈകേയി സപ്തമാവതാര ഭഗവാന് ശ്രീരാമനെ വനവാസത്തിന് അയക്കണമെന്ന് ദശരഥനോട് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് ചെയ്തതെന്താണ്? ശ്രീരാമനോട് അന്യേഷിച്ച് കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത് രാജസഭകൂടി മന്ത്രിപ്രമുഖരുടേയും പ്രജകളുടേയും സമക്ഷം ശ്രീരാമനോടുള്ള ചോദ്യരൂപേണ വ്യംഗമായി വിഷയത്തെ അവതരിപ്പിച്ച് ശ്രീരാമന്റെ നീതിപൂര്‍വ്വകമായ വിധി നടപ്പാക്കി. സ്വയം കുറ്റക്കാരനാണെന്ന് തിരിച്ചറിഞ്ഞ ദശരഥന് രാജാധികാരത്തില്‍നിന്നും സ്വയം ഒഴിഞ്ഞ് അനിഗ്രഹീതനായ ശ്രീരാമനെ മഹാരാജാവായി അവരോധിച്ചു. വാക്ക് നല്കിയ സാഹചര്യം മുതല്‍ എല്ലാം കൃത്യമായി ധര്മമാണോയെന്ന് പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിഞ്ഞ് ശിക്ഷ വിധിച്ച ശ്രീരാമന് ബന്ധങ്ങളില്‍ അടിമപ്പെടാതെ സ്വതന്ത്രവും നീതിപൂര്‍വ്വകവും ധാര്‍മ്മികവുമായ വിചാരണയിലൂടെ വിധി നിശ്ചയിച്ചു. ദശരഥനും കൈകേയിയും മന്ഥരയും കുറ്റക്കാരെന്ന് വിധിച്ചെങ്കിലും, കുറ്റത്തിന് ആസ്പ്പദമായ ദുരുദ്ദേശ്യം നടപ്പാക്കാത്തതിനാലും സഭയില്‍വെച്ച് പ്രജാസമക്ഷം കുറ്റവാളികളെന്ന് തെളിയപ്പെട്ടതിനാല് സംഭവിച്ച അപമാനവും തന്മൂലമുള്ള തിരസ്ക്കരിക്കപ്പെടലും അനുഭവിക്കപ്പെടേണ്ടതായ ശിക്ഷയുടെ കാലാവധിയേക്കാള്‍ നിലനില്ക്കുന്നതും ഗൗരവമേറിയാതുമായതിനാല്, ഒരു കുറ്റത്തിന് ഒരു പ്രാവശ്യംമാത്രം ശിക്ഷ അനുഭവിച്ചാല്മതിയെന്നതും കാരണമായി ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ദശരഥനേയും കൈകേയിയും കുറ്റവിമുക്തരാക്കി. ഏതൊരു സാഹചര്യത്തെ ഏതൊരു പ്രജയാണോ രാജ്യദ്രോഹത്തിനുവേണ്ടി ഉപയോഗിക്കുന്നതിനുള്ള അവസരമാക്കി മാറ്റുവാനായി മറ്റുള്ളവരെ വശംവദരാക്കി കുറ്റകൃത്യം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്, അത്തരത്തിലുള്ളവരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന തിരിച്ചറിവിനായി ശ്രീരാമന് മന്ഥരയെ ശിക്ഷിക്കുകയും ചെയ്തു.
ആരുടേയും ധര്‍മവിരുദ്ധമായ വാക്കുകള്‍ അനുസരിക്കേണ്ടണ്ടതില്ലായെന്നും, കര്‍ത്തവ്യനിര്‍വ്വഹണത്തിന് ഒരിക്കലും വരദാനം നല്കുവാന് പാടില്ലായെന്നും, രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിക്ക് രാജാധികാരത്തെ സ്വന്തം ഇച്ഛക്കും കുടുംബത്തിനുവേണ്ടിയും ഉപയോഗിക്കുക എന്നതിലൂടെ ചൂഷണം ചെയ്യുവാനും അധികാരമില്ലായെന്നും, കുറ്റവാസനയോടെ കൃത്യനിര്‍വ്വഹണത്തിന് തയ്യാറാകുന്നവരെ ബന്ധങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും അതീതമായി രാജനീതിപ്രകാരം ധാര്‍മ്മികമായി വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് നടപ്പാക്കുക എന്നത് ഒരു രാജ്യത്തെ ഭരണവ്യവസ്ഥക്കും പ്രജാക്ഷേമത്തിനും രാജനീതിക്കും അനിവാര്യമെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത യഥാര്‍ത്ഥ സപ്തമാവതാര ശ്രീരാമചരിതം ഇത്തരുണത്തില്‍, ഇവിടെ, സദാചാരവിരുദ്ധമായ ഒരു ഹീനകൃത്യം നടപ്പാക്കുന്നതിനായി കരുക്കള്‍ നീക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രസക്തവും വിധിപ്രസ്താവത്തിന് ഏറെ സഹായകരവുമാകുന്നു. ( കൂടുതല്‍ വായിയ്ക്കുക: യഥാര്‍ത്ഥ ശ്രീരാമ ചരിതം: പ്രഥമഘട്ട സുപ്രധാന രംഗം. കല്കി യഥാര്‍ത്ഥ ചരിതം വെളിപ്പെടുത്തുന്നു.)
ശ്രീകൃഷ്ണ വചനങ്ങള്‍ കുന്തിയെ ആശ്ചര്യപ്പെടുത്തി! കുന്തി ഭക്തിപൂര്‍വ്വം ശ്രീകൃഷ്ണനെ നമിച്ചു.
നിശബ്ദനായ യുധീഷ്ഠിരനില്‍ പക രൂപംകൊള്ളുകയായിരുന്നുവെങ്കിലും മറിച്ചൊരു ചോദ്യമുതിര്ക്കുവാന് സാധിച്ചില്ല.
മാതാ കുന്തിയും ദ്രൗപദിയും ഉള്‍പ്പെടെയുള്ള പാണ്ഡവരുടെ സുരക്ഷിതത്വ ത്തിനും ജീവിത വിജയത്തിനും ആവശ്യമായതെല്ലാം ധാര്‍മ്മികമായി തീരുമാനിക്കാം. ശ്രീകൃഷ്ണൻ്റെ മഹനീയ സാന്നിധ്യമുണ്ടാകണം!! ദ്രുപദന്റെ വാക്കുകള്‍ അവസരോചിതമായി.
അതെ! എല്ലാം ധാര്‍മ്മികമായി രാജനീതിക്ക് അനുയോജ്യമായിമാത്രം തീരുമാനിക്കാം. ദ്രൗപദി അര്ജുനൻ്റെമാത്രം പത്നിയാകുന്നു. യുധീഷ്ഠിരനും ഭീമനും അനുജന്റെ പത്നിയും, നകുലസഹദേവന്മാര്‍ക്ക് ജ്യേഷ്ഠൻ്റെ പത്നിയുമാകുന്നു. തുല്യമായും ധാര്‍മ്മികമായും കുടുംബസംവിധാനത്തിന് അനുയോജ്യമായും മാത്രം നീതിപൂര്‍വ്വം സദാചാരപരമായ മാതൃകയായി പ്രശോഭിച്ച് ഭാരത സംസ്ക്കാരത്തിന്റെ യശസ്സ് നിലനിര്‍ത്തുക.
ദ്രൗപദിയും എല്ലാവരോടും അതാത് സ്ഥാനപ്രകാരംമാത്രം സമ്പര്‍ക്കം പുലര്‍ത്തുക. കാരണം, ഒരിക്കലും സാധാരണ സഹോദരങ്ങളിലൊന്നും ഇത്തരമൊരു ആഗ്രഹം ഉണ്ടാവാറില്ല. ഇവിടെ സംഭവിച്ച് യാഥാര്‍ത്ഥ്യമായില്ലെങ്കിലും, മോഹമായി അവ വന്നുചേര്‍ന്നതുകൊണ്ട് ദ്രൗപദി വളരെ ശ്രദ്ധയോടെ മാത്രമേ എല്ലാവരോടും അതാത് സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇടപഴകാവൂ. അല്ലെങ്കില്‍ അവ സംശയങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും അടിത്തറപാകി ജീവിതത്തെ സാരമായി ബാധിക്കുവാനിടയാകും. ഈശ്വരനാനുഗ്രഹത്താല് രാജനീതിപ്രകാരമുള്ള പരമാര്‍ത്ഥമായ അറിവാണ് ക്ഷേമാധിഷ്ഠിത ഭരണവും പ്രജാക്ഷേമവും അനുവദിക്കുന്നത്.
ശ്രീകൃഷ്ണ വാണികള്‍ യുധീഷ്ഠിരന് ഉള്‍പ്പെടെ പാണ്ഡവര്‍ക്ക് അസ്വാസ്ഥ്യം ഉളവാക്കിയെങ്കിലും അവരെല്ലാം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായി. അര്ജുനൻ്റെമാത്രം പത്നിയായി അഭിമാനത്തോടെ ജീവിക്കുന്നതിന് അവസരമൊരുക്കി അനുഗ്രഹിച്ച ശ്രീകൃഷ്ണൻ്റെ തൃപ്പാദപത്മങ്ങളില്‍ കുന്തിയുടെ അനന്തകോടി പ്രണാമം!!