“മാതാ ഗാന്ധാരി! പതിയുടെ കൈ ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, പതിയോടുള്ള ബഹുമാനത്താല്‍ പത്നിയും സ്വയം സ്വന്തം കൈ ഛേദിക്കുന്നതാണോ പാതിവ്രത്യം?” ശ്രീകൃഷ്ണന്‍
കല്‍കി 2000ല്‍ യുഗധര്‍മ്മ മാസികയില്‍ കൊടുത്തത് 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു (ഏറ്റവും പുതിയ എഡിഷന് ലഭ്യമാണ്). തുടര്‍ന്ന്, 2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍നിന്നും…..
യഥാര്‍ത്ഥ അഷ്ടമാവതാര ശ്രീകൃഷ്ണ ചരിതം
ഹസ്തിനപുരിയില്‍വെച്ച് വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ശ്രീകൃഷ്ണനെ ഗാന്ധാരി ആദ്യമായി ദര്‍ശിച്ചു.
അറിയാമെങ്കിലും ഇന്നാണ് കൃഷ്ണന്റെ ബാഹ്യസമ്പര്‍ക്കം ആദ്യമായി ഗാന്ധാരിയ്ക്ക് ലഭിക്കുന്നത്.
ഭക്തിയില്‍ ഉത്തമയായ ഗാന്ധാരി കൃഷ്ണനെ മധുരമായി സ്വീകരിച്ചു.
ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് നേരില്‍ ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിച്ചത്!
അതിഥി സല്‍ക്കാരത്തിനിടെ ഗാന്ധാരി സംഭാഷണത്തിന് ആമുഖം കുറിച്ചു.
മാതാ ഗാന്ധാരി! കണ്ണ്കെട്ടിയാല്‍ എങ്ങനെ നമ്മുടെ ബാഹ്യദേഹത്തെ ദര്‍ശിക്കും?
സ്വാഭാവികമായ ശ്രീകൃഷ്ണന്റെ ചോദ്യം ഗാന്ധാരിയെ അമ്പരപ്പിച്ചു.
ശ്രീകൃഷ്ണന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.
കണ്ണുകെട്ടിയാല്‍ പതിയെ പരിചരിക്കുക എന്ന പാതിവൃത്യം എങ്ങനെ പാലിക്കുവാന്‍ കഴിയും?
ഭരണകാര്യങ്ങളില്‍ രാജാവിനെ പരിചരിച്ച് പ്രജാക്ഷേമത്തെ നിലനിര്‍ത്തുക എന്ന രാജാമഹിഷിയുടെ കര്‍ത്തവ്യത്തെ, സ്വയം കണ്ണ്കെട്ടിയാല്‍ എങ്ങനെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും?
സന്താനങ്ങളെ ശുശ്രൂഷിക്കുകയെന്ന മാതാവിന്റെ കര്‍ത്തവ്യത്തെ സ്വയം കണ്ണുകെട്ടിയാല്‍ എങ്ങനെ നിറവേറ്റുവാന്‍ കഴിയും?
വ്യക്തിപരമായ കാര്യങ്ങള്‍ പരാശ്രയംകൂടാതെ നിര്‍വ്വഹിക്കുവാന്‍ സ്വയം കണ്ണുകെട്ടിയാല്‍ എങ്ങനെ സാധ്യമാകും?
പതിയെ പരിചരിക്കുകയെന്ന വ്രതമുള്ളവളാണ് പതിവ്രത. അവളിലാണ് പാതിവ്രത്യം കുടികൊള്ളുന്നത്. പരിചരിക്കണമെങ്കില്‍ ദേഹത്തിലെ അവയവങ്ങളെല്ലാം സാമാന്യേനയെങ്കിലും കുറ്റമറ്റതായിരിക്കണം. ക്ഷീണം, തളര്‍ച്ച, അന്ധത, അംഗവൈകല്യം, രോഗം ഇത്യാദികളുണ്ടെങ്കില്‍ എങ്ങനെ പതിയെ പരിച്ചരിക്കുവാന്‍ കഴിയും?
ഭര്‍ത്താവിന്റെ കൈ ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, പതിയോടുള്ള ബഹുമാനത്താല്‍ പത്നിയും സ്വയം സ്വന്തം കൈ ഛേദിക്കുന്നതാണോ പാതിവ്രത്യം? അതാണോ മാതൃകാപൂര്‍വ്വമായ പെരുമാറ്റം? ഭര്‍ത്താവ് രോഗിയാണെങ്കില്‍, ഭര്‍തൃപ്രീതിക്കായി ഭാര്യയും അതേപോലെ സ്വയം രോഗിയാവാന്‍ ശ്രമിക്കുന്നതാണോ പാതിവ്രത്യം?
ഭര്‍ത്താവ് രോഗശയ്യയിലാണെങ്കില്‍, പരിചരിക്കുക എന്ന കര്‍ത്തവ്യമുള്ള ഭാര്യ അതേപോലെ ശയ്യാവലംബിതയാവാന്‍ ശ്രമിക്കുകയാണോ അതോ പരിച്ചരിക്കുവാന്‍ തയ്യാറെടുക്കുകയാണോ വേണ്ടത്?
ഭര്‍ത്താവിന് കാഴ്ചയില്ലെങ്കില്‍, കാഴ്ചയുള്ള ഭാര്യയുടെ പരിചരണം ഫലത്തില്‍ ഭര്‍ത്താവിന്റെ കാഴ്ചയായിത്തീരുകയല്ലേ?
അന്ധനായ ഭര്‍ത്താവിന് കാഴ്ചയുള്ള സ്ത്രീയെ ഭാര്യയായി ലഭിക്കുന്നത് ഭാഗ്യമാകുന്നു. എന്നാല്‍ അന്ധനായ ഭര്‍ത്താവിനെ പരിച്ചരിക്കേണ്ട ഭാര്യ സ്വയം കണ്ണുകെട്ടി കാഴ്ചയെ മറച്ചാല്‍ ഭാര്യയേയും ഭര്‍ത്താവിനേയും പരിച്ചരിക്കുവാന്‍ പരിചാരികമാരേയും പരിചാരകന്മാരേയും നിയമിക്കേണ്ടിവരില്ലേ? ഭര്‍തൃപരിചരണത്തിന് അധികാരി ഭാര്യയാണ്. പരിചാരികയിലൂടെ എങ്ങനെ ഭാര്യാപരിചരണം ലഭിക്കും. അവ സദാചാരത്തിന് നിരക്കുന്നതാണോ?
അന്ധനായ ഭര്‍ത്താവ് രാജാവുകൂടിയാകുമ്പോള്‍ ഭാര്യയ്ക്ക് രാജമഹിഷി എന്നാ സ്ഥാനംകൂടി ലഭിക്കുന്നു. എങ്കില്‍ രാജാവിന്റെ ക്ഷേമത്തെ നിലനിര്‍ത്താനും രാജഭരണത്തെ സുഗമമായി നിര്‍വ്വഹിക്കുന്നതിനും രാജമഹിഷി സ്വയം കണ്ണ്കെട്ടിയാല്‍ എങ്ങനെ കഴിയും?
സന്താനങ്ങളെ പരിപാലിക്കുക എന്ന മാതാവിന്റെ കര്‍ത്തവ്യ പൂര്‍ത്തീകരണത്തിന് കാഴ്ച നിര്‍ബന്ധമാകുന്നു. അങ്ങനെയിരിക്കേ സ്വന്തം കണ്ണ്കെട്ടി കുട്ടികളെ ശുശ്രൂഷിക്കാതിരിക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയല്ലേ?
രാജാവിന്റേയും രാജ്ഞിയുടേയും വാക്കും പ്രവൃത്തിയും തികച്ചും ധാര്‍മ്മികവും അതുകൊണ്ട് തന്നെ മാതൃകയുമായിരിക്കണം. എങ്കില്‍മാത്രമേ പ്രജകളും ധര്‍മ്മത്തില്‍ നിലകൊള്ളുകയുള്ളൂ.
സര്‍വ്വാധികാരിയും ശിവലോകവാസിയും പാര്വ്വതിസമേതനുമായ ഭഗവാന്‍ ശിവന്റേയും സംരക്ഷണാധികാരിയും വിഷ്ണുലോകവാസിയും ലക്ഷ്മിസമേതനുമായ ഭഗവാന്‍ വിഷ്ണുവിന്റേയും അനുഗ്രഹമാണ് അവിടുത്തെ സൃഷ്ടിയെ കാണുന്നതിനുള്ള കാഴ്ചയെന്ന അസുലഭ സൗഭാഗ്യം. അത് സ്വയം നിഷ്പ്രയോജനമാക്കുന്നത് മറ്റെന്തിനേക്കാളും കഠിനമായ അപരാധവും അഹങ്കാരവുമാകുന്നു.
ധര്‍മ്മവിരുദ്ധമായ യാതൊന്നിനും നാം കൂട്ടുനില്‍ക്കുകയില്ല. അതുകൊണ്ട് പ്രഥമദര്‍ശനം കൂടിയായ ഈ വേളയില്‍ത്തന്നെ ധര്‍മ്മവിരുദ്ധമായ കണ്ണ്കെട്ടലിനെ അംഗീകരിക്കുകയില്ല എന്ന് വ്യക്തമാക്കുന്നു.
ഒരുകാര്യം നിര്‍വ്വഹിച്ചതില്‍ അപാകതയുണ്ടെന്ന് വ്യക്തമായാല്‍, പിന്നീടും പഴയതുപോലെ തുടരുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാകുന്നു. യഥാര്‍ത്ഥമായ തിരിച്ചറിവ് ലഭിച്ചാല്‍ അതിനെ അനുസരിക്കുന്നതാണ് മാതൃക.
സംശുദ്ധ ഭക്തിയില്‍ അധിഷ്ഠിതമായ പ്രായോഗികവും യുക്തിഭദ്രവുമായ തീരുമാനങ്ങള്‍ മാത്രമേ മാതൃകയാകൂ.
അഷ്ടമാവതാരമായ നമ്മുടെ സ്വരൂപദര്‍ശനമെന്ന മഹാഭാഗ്യംപോലും തിരസ്ക്കരിക്കുവാന്മാത്രം ഗാന്ധാരി അഹങ്കാരിയാണോ?
ശ്രീകൃഷ്ണന്റെ ധര്‍മ്മവാണികളാകുന്ന അമൃതവാഹിനി ഗാന്ധാരിയെ പരമാര്‍ത്ഥജ്ഞാനം ഗ്രഹിക്കുവാന്‍ സഹായിച്ചു.
ഹൊ! ശരിയെന്ന് കരുതി താന്‍ ഇത്രകാലവും തുടര്‍ന്നത് ഇത്രയ്ക്കും അബദ്ധമാണെന്ന് ഇപ്പോള്‍, സമ്പൂര്‍ണ്ണമായും ധര്‍മ്മപുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുവചനങ്ങള്‍ ശ്രവിച്ചപ്പോള്‍ മാത്രമാണ് വ്യക്തമായത്. എന്തുകൊണ്ട് അറിവുള്ള മറ്റാരും തന്നോട് ഇതറിയിച്ചില്ല? യാഥാര്‍ത്ഥ്യം വ്യക്തമായ ഗാന്ധാരിക്ക് കൃഷ്ണനൊഴികെ മറ്റെല്ലാവരോടും അവജ്ഞ തോന്നി.
അറിയാത്തത് അവര്‍ക്കെങ്ങനെ വ്യക്തമാക്കുവാന്‍ കഴിയും? ആരേയും പഴിക്കാതെ സ്വന്തം പോരായ്മയെ സ്വയം പരിശോധിച്ച് തിരിച്ചറിയുക. അതാണ് ശരിയായ മാര്‍ഗ്ഗവും ക്രമവും.
എല്ലാമറിയുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗാന്ധാരിയുടെ ചിന്തകളെ തിരിച്ചറിഞ്ഞു.
തല്‍ക്ഷണംതന്നെ മാതാ ഗാന്ധാരി കണ്ണുകളുടെ കെട്ടഴിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുസ്വരൂപത്തെ ദര്‍ശിച്ച ഗാന്ധാരി അവിടുത്തെ തൃപ്പാദപത്മങ്ങളില്‍ നമസ്ക്കരിച്ച് അനന്തകോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചു.
പിന്നീടൊരിക്കലും കാഴ്ചയെ മറയ്ക്കുന്നതിനുവേണ്ടി ഗാന്ധാരി കണ്ണ്കെട്ടിയിട്ടില്ല.
ഗാന്ധാരിയും ശ്രീകൃഷ്ണനും. കല്‍കി യഥാര്‍ത്ഥ ചരിതം അറിയിച്ചു: https://t.co/eQZC0ZQCRD pic.twitter.com/VmZiTZG0LY
— കല്‍കി (@Kalki_Malayalam) November 27, 2015